നവിമുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. കരുത്തരായ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 127 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിന്റെയും 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും കരുത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.
Recent Comments
on Hello world!


