തിരുവനന്തപുരം: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന സൗദി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി അബോധാവസ്ഥയിലായതിനെ തുടർന്നാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. ഇന്തോനേഷ്യൻ യുവതി ലിയ ഫതോനയ്ക്കാണ് യാത്രക്കിടെ ബോധക്ഷയമുണ്ടായത്. ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനം പിന്നീട് മദീനയിലേക്ക് തിരിച്ചു. 395 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.


