തൃശൂർ: രാഗം തിയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. തിയറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനുമാണു വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽവച്ചാണ് സംഭവം. സുനിൽ കാറിൽനിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന മൂന്നംഗസംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും, പിന്നീട് ദയ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനുശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. അക്രമിസംഘത്തിലെ ഇടംകൈയ്യൻ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സുനിലിന്റെ വീടിന്റെ ഗേറ്റിലുള്ള സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ മറ്റുള്ള സിസിടിവികളിലെയും സമീപ വീടുകളിലെയും വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു. മെഡിക്കൽ കോളജ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. സുനിൽ പത്തുവർഷത്തോളമായി രാഗം തിയേറ്റർ വാടകയ്ക്കെടുത്തു നടത്തുകയാണ്. ധനകാര്യസ്ഥാപനം നടത്തുന്നുമുണ്ട്. ബിജെപി പ്രവർത്തകനാണ്. ബിജെപി നേതാവ് ശോഭസുരേന്ദ്രൻ ഇന്നു രാവിലെ സുനിലിന്റെ വീട്ടിലെത്തിയിരുന്നു.
തൃശൂരിൽ തിയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു
Recent Comments
on Hello world!


