തിരുവനന്തപുരം: രാജ്യത്തെ വിവിധ കോളേജുകളിൽ മെഡിക്കൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെയും സോഷ്യൽ മീഡിയ വഴിയും പരസ്യം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയായ പ്രശാന്ത് അഗർവാളിനെയാണ് ക്രൈംബ്രാഞ്ച് സംഘം സാഹസികമായി ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി സുദർശനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി കെ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡൽഹി, നോയിഡ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വൻതോതിലുള്ള പരസ്യങ്ങൾ നൽകിയാണ് പ്രശാന്ത് അഗർവാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ കോളേജുകളിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചിരുന്നത്.
2020 കാലഘട്ടത്തിൽ പരശുവയ്ക്കൽ സ്വദേശിയിൽ നിന്ന് മുംബൈയിലെ ഡി.വൈ. പാട്ടീൽ കോളേജിൽ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നേരിട്ടും ബാങ്ക് അക്കൗണ്ടുകൾ വഴിയുമായി 20 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം. ഡി.വൈ. പാട്ടീൽ കോളേജ് കാമ്പസിനകത്ത് വച്ച് ഇയാൾ പരാതിക്കാരന് വ്യാജ അഡ്മിഷൻ ലെറ്റർ നൽകി കബളിപ്പിക്കുകയായിരുന്നു.
നെയ്യാറ്റിൻകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ. സജീവ്, എഎസ്ഐ ക്രിസ്റ്റഫർ ഷിബു വൈ ആർ , എസ്സിപിഒമാരായ സുരേഷ് കുമാർ എം , ശ്രീരാജ് സ് വി , സിപിഒ അജിത് സ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര ജെഎഫ്സിഎം-1 കോടതിയിൽ ഹാജരാക്കിയ പ്രശാന്ത് അഗർവാളിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


