തിരുവനന്തപുരം : കഴക്കൂട്ടത്തെ നാലു വയസ്സുകാരന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്. കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തൻബീർ ആലമാണ് കുറ്റം സമ്മതിച്ചത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്നാണ് തൻബീറിൻ്റെ മൊഴി. അസ്വാഭാവികമരണത്തിന് എടുത്ത കേസിൽ കോടതി അനുമതിയോടെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ചേർത്ത ശേഷമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളൂ.
അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച്ചയാണ് നാല് വയസ്സുകാരനെ കഴക്കൂട്ടത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ വൈകീട്ട് ആറ് മണിയോടാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. മുന്നി ബീഗവും, മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലവും ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് വ്യക്തമായിരുന്നു.
ഒരാഴ്ച മുമ്പാണ് കഴക്കൂട്ടത്തെ ലോഡ്ജിൽ മുന്നി ബീഗവും തൻവീർ ആലവും താമസിക്കാനെത്തിയത്. ഇവർക്കൊപ്പം മുന്നിബീഗത്തിന്റെ നാലും ഒന്നും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. ഭാര്യ ഭർത്താക്കന്മാർ എന്നായിരുന്നു ഇവർ ലോഡ്ജിൽ പറഞ്ഞിരുന്നത്. ഭക്ഷണം കഴിച്ച് കിടന്ന കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞുമായി ഇന്നലെ ഇവർ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ കഴുത്തിലെ അസ്വാഭാവിക പാടുകളും ചോരയും കണ്ട് ഡോക്ടർമാരാണ് പൊലീസിനെ വിവരമറിയിച്ചത്. മരണത്തിൽ തുടക്കത്തിലേ ദുരൂഹത തോന്നിയതിനാൽ ഇരുവരെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു.


