തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ശ്രീലങ്കയെ 15 റൺസിന് വീഴ്ത്തി ഇന്ത്യ 5-0ന് പരമ്പര തൂത്തുവാരി. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ഹാസിനി പെരേര 65(42), ഇമേഷ ദുലാനി 50 (39) എന്നിവർ ലങ്കയ്ക്കായി അർധ സെഞ്ചുറി നേടിയെങ്കിലും മറ്റുള്ളവർക്കാർക്കും കാര്യമായി തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി പന്തെടുത്ത ആറുതാരങ്ങളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോറായി കരുത്തേകിയത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി തകർത്തടിച്ചു. 11 പന്തിൽ 27 റൺസ് അടിച്ചെടുത്ത് താരം പുറത്താകാതെ നിന്നു. ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിച്ച 17കാരി കമാലിനി 12 പന്തിൽ 12 റൺസെടുത്ത് പുറത്തായി. ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്പിന്നർ ദീപ്തി ശർമ്മ (152 വിക്കറ്റുകൾ) ഓസ്ട്രേലിയയുടെ മേഗൻ ഷട്ടിനെ (151) മറികടന്നു.


