തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണമോഷണ കേസില്‍ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ റിമാൻഡ് ചെയ്തു. ജനുവരി 12 വരെയാണ് വിജയകുമാറിന്റെ റിമാന്‍ഡ് കാലാവധി. വിജയകുമാറിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അദ്ദേഹത്തെ റിമാന്‍ഡില്‍ വിട്ടത്. ത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ വിജയകുമാർ. നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം എന്‍ വിജയകുമാറിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നൽകിയിരുന്നു. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിരുന്നു.
നേരത്തെ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അതിനിടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിദേശവ്യവസായി നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്തുവന്നു. ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ, ഉണ്ണിക്കൃഷ്ണൻ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി മണിക്ക് കൈമാറി എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച മൊഴി. ഈ വ്യവസായി നൽകിയ നമ്പർ കേന്ദ്രീകരിച്ച് എസ്‌ഐടി നടത്തിയ അന്വേഷണമാണ് ഡിണ്ടിഗലിലിലെ ഡി മണിയിൽ എത്തിയത്.


