ലഖ്‌നൗ: ബോളിവുഡ് നടി സണ്ണി ലിയോണിൻ്റെ പുതുവത്സരാഘോഷ പരിപാടി സന്യാസിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സണ്ണി ലിയോണിൻ്റെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. പരിപാടിക്ക് മുന്നോടിയായി സംഘാടകരായ ഹോട്ടലുകാര്‍ ഒരു പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയിരുന്നു. പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കാന്‍ ഡിജെയായി ഞാനുമെത്തുന്നു എന്ന് സണ്ണി ലിയോണിൻ്റെ വീഡിയോ ആണ് സംഘാടകർ പുറത്തുവിട്ടത്.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ, സന്യാസി സമൂഹവും മതസംഘടനകളും ബോളിവുഡ് താരത്തിന്റെ പരിപാടിക്കെതിരെ രംഗത്തു വരികയായിരുന്നു. മഥുര ഒരു പുണ്യ നഗരമാണെന്നും, നഗരത്തില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാനാകില്ലെന്നുമായിരുന്നു ഇവരുടെ ആരോപണം. പരിപാടിക്കെതിരെ സന്യാസിമാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കി. പരിപാടിയില്‍ ‘അശ്ലീലതയും നഗ്നതയും’ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര്‍ ആരാധനയ്ക്കായി വരുന്ന നഗരമാണ്. ഈ ദിവ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണ്. മതവികാരം വ്രണപ്പെടുത്താനും, പുണ്യനഗരത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. 300 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. മതവികാരം വ്രണപ്പെടുമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിപാടി ഉപേക്ഷിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.


