ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെംഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ് ചെയ്ത ഡൽഹി ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സിബിഐയുടെ അപ്പീൽ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണെന്ന് സ്റ്റേ പുറപ്പെടുവിച്ച് കൊണ്ട് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമവശങ്ങൾ നിരവധി ചർച്ചകൾ വേണ്ട കേസാണിത്. അതിനാൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി നേതാവിന് അനുകൂലമായ ഡൽഹി ഹൈകോടതി വിധിക്ക് പിന്നാലെ അതിജീവിതയും മാതാവും നീതിക്കായി തെരുവിലിറങ്ങിയിരുന്നു. ഞായറാഴ്ച ജന്തർമന്തറിൽ സമരത്തിനിടെ ഇരുവരും കുഴഞ്ഞുവീണിരുന്നു.
വനിതാ ആക്ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ഹൈകോടതിക്കും പാർലമെന്റ് മന്ദിരത്തിനും മുന്നിൽ അതിജീവിതക്കായി നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഞായറാഴ്ച കോൺഗ്രസിന്റെയും എഐഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ ഇടതു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ ജന്തർമന്തറിൽ സമരം നടത്തിയത്. ഈ സമരത്തിലേക്കാണ് അതിജീവിതയും മാതാവുമെത്തിയത്. ഹൈകോടതി വിധിയെ തുടർന്ന് ഇന്ത്യ ഗേറ്റിൽ സമരം നടത്തിയ അതിജീവിതയെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. അതിനുശേഷമാണ് മുംതാസ് പട്ടേലും യോഗിതയും അടക്കമുള്ളവർ ഹൈകോടതിക്കും പാർലമെന്റിനു മുന്നിലും കുത്തിയിരിപ്പ് സമരം നടത്തിയത്.
അതേസമയം കുൽദീപ് സെംഗറിന് സഹായകരമായ രീതിയിൽ അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സിബിഐ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. 2017ൽ ബലാത്സംഗത്തിനിരയാകുമ്പോൾ ബാലികയായിരുന്ന അതിജീവിതയുടെ ജനനത്തീയതിയിൽ കൃത്രിമം കാണിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഇതു കൂടാതെ ഹീരാ സിങ് എന്ന യുവതിയുടെ മൊബൈൽ അതിജീവിത ഉപയോഗിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ എഴുതിച്ചേർന്നെന്നും പരാതിയിലുണ്ട്. 2017-ലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.


