Wednesday, February 25, 2026
HomeINDIAഡിജിറ്റൽ അറസ്റ്റ് വഴി ദമ്പതികളിൽ നിന്ന് 14 കോടി തട്ടിയ കേസ്; എട്ട് പേർ പിടിയിൽ

ഡിജിറ്റൽ അറസ്റ്റ് വഴി ദമ്പതികളിൽ നിന്ന് 14 കോടി തട്ടിയ കേസ്; എട്ട് പേർ പിടിയിൽ

ന്യൂഡൽഹി: പ്രായമായ ദമ്പതികളെ വഞ്ചിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് എട്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ദിവ്യാങ് പട്ടേൽ (30), കൃതിക് ഷിതോലെ (26), മഹാവീർ ശർമ (27), അങ്കിത് മിശ്ര, അരുൺ കുമാർ തിവാരി (45), പ്രദ്യുമൻ തിവാരി, ഭൂപേന്ദർ കുമാർ മിശ്ര (37), ആദേശ് കുമാർ സിങ് (36) എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന ദമ്പതികളിൽ നിന്ന് 14.84 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബറിൽ തന്റെ പേരിലുള്ള ഒരു സിം കാർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീക്ക് ഒരു കോൾ ലഭിച്ചിരുന്നു. തുടർന്ന് പൊലീസിന്റെയും സിബിഐയുടെയും ഉദ്യോഗസ്ഥരാണെന്ന് പറയുകയും തട്ടിപ്പുകാർ വ്യാജ അറസ്റ്റ് വാറണ്ട് കാണിച്ച് അവരെ ഡിജിറ്റൽ അറസ്റ്റിലാക്കുകയായിരുന്നു. ദമ്പതികളെ പ്രതികൾ വിഡിയോ നിരീക്ഷണത്തിൽ നിർത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പണം നൽകാൻ ഇവർ തയാറായതെന്നും എട്ട് ഇടപാടുകളിലൂടെയാണ് പണം മാറ്റിയതെന്നും പോലീസ് പറഞ്ഞു.

കംബോഡിയയിലെയും നേപ്പാളിലെയും ഓപ്പറേറ്റർമാരുമായി ബന്ധമുള്ള ഒരു സൈബർ തട്ടിപ്പ് റാക്കറ്റും പൊലീസ് കണ്ടെത്തി. പൊലീസുകാരായി വേഷം മാറി ബാങ്ക് അക്കൗണ്ടുകൾ വഴി പണം തട്ടിയെടുക്കുന്ന വ്യക്തികളുടെ സംഘടിത ശൃംഖലയാണ് അറസ്റ്റിലൂടെ വെളിപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments