ന്യൂഡൽഹി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഡൽഹിയിലെ എൻഎസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആനന്ദബോസിന്റെ പരാമർശം. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ആനന്ദബോസ് പറയുന്നു.
എല്ലാ നായർസമുദായാംഗങ്ങൾക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലെയന്നും ഒരാൾക്ക് മാത്രമാണോ കുത്തകാവകാശമെന്നും ആനന്ദബോസ് ചോദിച്ചു. ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്‌മാരകം നിർമിക്കണമെന്നും സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദബോസ് പറഞ്ഞു.


