തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രഫ. ഡോ. പി. രവീന്ദ്രനെ നിയമിച്ച് ലോക്ഭവന്‍ വിജ്ഞാപനമിറക്കി. നിലവില്‍ താല്‍ക്കാലിക വി.സിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാല് വര്‍ഷത്തേക്കാണ് നിയമനം. വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ നിയമപരമായി അധികാരമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് തിങ്കളാഴ്ച ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നിയമനമെന്നത് ശ്രദ്ധേയമാണ്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം തള്ളി 2024ല്‍ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പി. രവീന്ദ്രനെ വി.സിയായി നിയമിച്ചത് വിവാദമായിരുന്നു.
വി സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച മൂന്ന് പേരുകള്‍ അടങ്ങിയ പാനലില്‍ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ നിര്‍ണ്ണായക നിയമനം. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ ലഭിക്കുന്നത്. നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ആണ്.


