സോൾ: മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിന് അഞ്ച് വർഷം തടവ്. പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് വിധി. യൂണിനെതിരായ നിലവിലുള്ള എട്ട് ക്രിമിനൽ കേസുകളിൽ ആദ്യ വിധിയാണിത്.
2024 ഡിസംബറിലാണ് യൂൺ സുക് യോൾ മാർഷ്യൽ നിയമം പ്രഖ്യാപിച്ചത്. തുടർന്ന് രാജ്യത്ത് വലിയ ജനകീയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. യൂണിന്റെ സൈനിക നിയമ ശ്രമത്തിന് ആറ് മാസത്തിന് ശേഷം നിർണായക വിജയത്തോടെ പ്രതിപക്ഷ നേതാവായ ലീ ജെയ് മ്യുങ് പ്രസിഡന്റ് പദവിയിലെത്തി. മാർഷ്യൽ ലോ പ്രഖ്യാപനം കൃത്രിമമായി തയ്യാറാക്കി, നിയമപ്രകാരം ഇതിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ടിയിരുന്ന പൂർണ്ണ മന്ത്രിസഭാ യോഗം ഒഴിവാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് യൂണിനെതിരെ കോടതി കണ്ടെത്തിയത്.
മാർഷ്യൽ ലോ നടപ്പാക്കിയത് ഭരണഘടനാ വിരുദ്ധമായ കലാപത്തിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഈ കേസിൽ സ്വതന്ത്ര അന്വേഷണ സമിതി മരണശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തിൽ കോടതി അടുത്ത മാസം വിധി പറയും. ലിബറൽ പാർട്ടി നിയന്ത്രിക്കുന്ന പാർലമെന്റ് തന്റെ ഭരണ അജണ്ട തടസ്സപ്പെടുത്തുന്നതിന്റെ അപകടം ജനങ്ങളെ അറിയിക്കാനായിരുന്നു മാർഷ്യൽ ലോ പ്രഖ്യാപിച്ചതെന്നാണ് യൂൺ സുക് യോൾ വാദിച്ചത്. അതേസമയം യൂണിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് കോടതിക്ക് മുന്നിൽ അനുയായികൾ പ്രകടനം നടത്തിയിരുന്നു.
കലാപക്കേസുകളിൽ യൂണിന് മരണശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്നതാണ്.മറ്റ് കേസുകളിലെ ശിക്ഷാ വിധികൾ നിർണായകമാകും.മരണ ശിക്ഷ മുപ്പത് വര്‍ഷത്തെ തടവ് എന്ന നിലയ്ക്കാവും എന്ന് ക്രിമിനൽ നിയമ വിദഗ്ധനായ അഭിഭാഷകൻ പാർക്ക് സങ്-ബേ മാധ്യമങ്ങളോട് പറഞ്ഞു. 1997 മുതൽ ദക്ഷിണ കൊറിയയിൽ മരണശിക്ഷകൾ നടപ്പാക്കുന്നതിന് അപ്രഖ്യാപിത വിലക്ക് നിലവിലുണ്ട്.
2021-ൽ അന്നത്തെ പ്രസിഡന്റ് പാർക്ക് ഗ്യൂൺ-ഹൈ അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ താമസിയാതെ അവർക്ക് മാപ്പ് നൽകി ജയിൽ മോചിതയായി.


