മുംബൈ : യുക്തിവാദിയും എഴുത്തുകാരനുമായ ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ സമീർ ഗേയ്ക്ക്വാദ് (43) മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ വീട്ടിൽവച്ചു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണു നിഗമനം. 2015ലാണ് ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടത്. സനാതൻ സൻസ്ത അംഗമായ സമീറിനെ 2015ൽ അറസ്റ്റ് ചെയ്തു. 2017ൽ ഇയാൾക്കു ജാമ്യം ലഭിച്ചു. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീണ സമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്. സംശയിക്കാനൊന്നുമില്ലെന്നു പോലീസ് പറഞ്ഞു.
2015 ഫെബ്രുവരി 16നു കോലാപ്പുരിൽവച്ചാണ് ഗോവിന്ദ് പൻസാരയ്ക്കു വെടിയേറ്റത്. പൻസാരയും ഭാര്യയും പ്രഭാതനടത്തത്തിനുശേഷം വീട്ടിലേക്കു മടങ്ങവേ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് വെടിവച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഫെബ്രുവരി 20ന് അദ്ദേഹം മരിച്ചു. പൻസാരയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 2015 സെപ്റ്റംബറിലാണ് സമീർ ഗേയ്ക്ക്വാദിനെ അറസ്റ്റ് ചെയ്തത്.


