റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാരിയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഡിസംബർ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. റായ്ഗഡിലെ 14 ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാരാണ് ഈ മേഖലയിൽ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഡിസംബർ 27ന് ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു. പൊതുസ്വത്തിന് വലിയ രീതിയിൽ പ്രതിഷേധക്കാർ നാശം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ മേഖലയിൽ വളരെ കുറച്ച് പൊലീസുകാരെ മാത്രമായിരുന്നു വിന്യസിച്ചത്. ഇവരിലൊരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പ്രതിഷേധക്കാർ അക്രമാസക്തരായതിന് പിന്നാലെ പൊലീസുകാരി സംഘർഷ സ്ഥലത്ത് കുടുങ്ങുകയായിരുന്നു.
എന്തിനാണ് ഇവിടെ വന്നത് എന്നും അടി വേണോയെന്നും ചോദിച്ച് ചെരിപ്പ് വച്ച് അടിക്കാനോങ്ങുന്ന ഒരാളും വസ്ത്രം വലിച്ച് കീറുന്ന മറ്റൊരാളുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. കൈകൾ കൂപ്പി വെറുതെ വിടാൻ അപേക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയേയും ദൃശ്യങ്ങളിൽ കാണാൻ കഴിയും.


