Wednesday, February 25, 2026
HomeNewsAutomotiveമഹിന്ദ്ര BE 6 തീപിടിത്തം: ബാറ്ററിക്കല്ല, പഞ്ചർ ടയറാണു കാരണം – കമ്പനി ഔദ്യോഗിക വിശദീകരണം

മഹിന്ദ്ര BE 6 തീപിടിത്തം: ബാറ്ററിക്കല്ല, പഞ്ചർ ടയറാണു കാരണം – കമ്പനി ഔദ്യോഗിക വിശദീകരണം

യൂ.പി: ഉത്തർപ്രദേശിലെ ഗുലൗതി സമീപം മഹിന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE 6 തീപിടിച്ച സംഭവം വലിയ ചർച്ചയാകുന്നു. ഹൈവേയിലൂടെയായിരുന്നു വാഹനം സഞ്ചരിച്ചിരുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാണ്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരായി പുറത്തേക്കിറങ്ങിയതായി മഹിന്ദ്ര അറിയിച്ചു.

2022 ജൂണിൽ മുംബൈയ്ക്ക് സമീപം ടാറ്റ നെക്സോൺ EV തീപിടിച്ച സംഭവത്തിന് പിന്നാലെ, വീണ്ടും ഒരു ഇലക്ട്രിക് വാഹന തീപിടിത്തമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് മഹിന്ദ്ര ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

പിന്നിലെ വലത് ടയറിലെ പഞ്ചറാണ് തീപിടിത്തത്തിന് കാരണം

മഹിന്ദ്രയുടെ വിശദീകരണം അനുസരിച്ച്, BE 6-ൽ ഉണ്ടായ തീപിടിത്തത്തിന് കാരണം പിന്നിലെ വലത് ടയറിൽ ഉണ്ടായ പൂർണ പഞ്ചർ ആണ്. പഞ്ചറായ ടയറോടെ വാഹനം ഏകദേശം 10 മിനിറ്റ് വരെ 60 കിലോമീറ്റർ വേഗതയിൽ ഓടിച്ചതായി കമ്പനി പറയുന്നു. ഈ സമയത്ത് ടയർ പഞ്ചറിനെക്കുറിച്ചും ഉയർന്ന താപനിലയെക്കുറിച്ചും ഡ്രൈവർക്കു പല മുന്നറിയിപ്പുകളും ലഭിച്ചിരുന്നു.

സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചു

പഞ്ചറായ ടയറിനെ തുടർന്ന് ചക്രത്തിൽ അമിതമായ സ്പിൻ ഉണ്ടാകുന്നത് തടയാൻ സ്റ്റാബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങൾ പലതവണ സജീവമായിരുന്നു. പിന്നീട് മുൻകരുതലെന്ന നിലയിൽ വാഹനത്തിന്റെ വേഗത ഇലക്ട്രോണിക്കായി നിയന്ത്രിക്കുകയും, തുടർന്ന് ഡ്രൈവ് സിസ്റ്റം പൂർണമായും ഓഫ് ചെയ്ത് വാഹനം നിർത്തുകയും ചെയ്തതായി മഹിന്ദ്ര അറിയിച്ചു.

ബാറ്ററിയും മോട്ടോറും സുരക്ഷിതം

വാഹനത്തിൽ തീപിടിത്തമുണ്ടായെങ്കിലും ഹൈ-വോൾട്ടേജ് ബാറ്ററി പാക്കിനോ ഇലക്ട്രിക് മോട്ടോറിനോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് മഹിന്ദ്ര വ്യക്തമാക്കി. പഞ്ചറായ ടയറും റോഡും തമ്മിലുള്ള അമിത ഘർഷണം മൂലമുണ്ടായ അത്യധികം ചൂടാണ് തീപിടിത്തത്തിന് കാരണമായത്.
“പുറമേ നിന്നുള്ള ശക്തമായ താപ സമ്മർദ്ദം ഉണ്ടായിട്ടും ബാറ്ററി പൂർണമായും സുരക്ഷിതവും പ്രവർത്തനക്ഷമവുമാണ്. ബാറ്ററി ഹെൽത്ത് മാനദണ്ഡങ്ങളും സെൽ വോൾട്ടേജുകളും നിശ്ചിത പരിധിക്കുള്ളിലാണ്,” മഹിന്ദ്രയുടെ പ്രസ്താവനയിൽ പറയുന്നു.

BE 6 – വിലയും ബാറ്ററി ഓപ്ഷനുകളും

ഈ അപകടത്തിൽപ്പെട്ട BE 6-ന്റെ കൃത്യമായ വേരിയന്റ് വ്യക്തമല്ല. എന്നാൽ മഹിന്ദ്ര BE 6 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. വാഹനത്തിന്റെ എക്‌സ്-ഷോറൂം വില 19.65 ലക്ഷം രൂപ മുതൽ 27.65 ലക്ഷം രൂപ വരെ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments