Saturday, April 11, 2026
HomeINDIAഇൻഡോറിലെ മലിനജല വിതരണം :രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഇൻഡോറിലെ മലിനജല വിതരണം :രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല വിതരണത്തെ തുടർന്ന് 14 പേർ മരിച്ച സംഭവത്തിൽ രൂക്ഷവിമർശനുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളത്തിനു പകരം വിഷമാണ് വിതരണം ചെയ്തതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചെളിയും ദുർഗന്ധവുമുള്ള വെള്ളത്തെക്കുറിച്ച് പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ഭരണകൂടം നടപടി എടുത്തില്ലെന്നും രാഹുൽ എക്സിൽ പങ്കുവച്ച പോസ്റ്റിൽ വിമർശിച്ചു.

‘ഇന്ദോറിലെ പൈപ്പുകളിൽ കുടിവെള്ളമല്ല ഒഴുകിയത്. കുംഭകർണനെപ്പോലെ ഭരണകൂടം ഉറങ്ങിക്കിടക്കുമ്പോൾ വിഷമാണ് വിതരണം ചെയ്തത്. പാവപ്പെട്ടവർ നിസ്സഹായരാണ്. അവർക്ക് സാന്ത്വനമായിരുന്നു വേണ്ടത്. എന്നാൽ, ബിജെപി നേതാക്കൾ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളാണ് പകരം നൽകിയത്. സർക്കാരിന്റേത് ധാർഷ്ട്യം മാത്രമാണ്.’- രാഹുൽ എക്‌സിൽ കുറിച്ചു. അഴുക്കുവെള്ളം കുടിവെള്ളത്തിൽ കലരാൻ എങ്ങനെ അനുവദിച്ചുവെന്നും എന്തുകൊണ്ട് യഥാസമയം വിതരണം നിർത്തിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ‘ശുദ്ധജലം ലഭിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്. ഈ അവസ്ഥയ്ക്ക് പൂർണ്ണമായും ഉത്തരവാദികൾ മധ്യപ്രദേശിലെ ബിജെപി സർക്കാരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിൽ ഭഗീരഥ്പുര മേഖലയിലെ മലിനമായ കുടിവെള്ളവുമായി ബന്ധപ്പെട്ട വയറിളക്കരോഗ വ്യാപനത്തെ തുടർന്ന് 14 പേർ മരിക്കുകയും 1400 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യം നിറഞ്ഞ സ്ഥലത്ത് പൈപ്പ് പൊട്ടി അതിലൂടെ മലിനജലം കുടിവെള്ളവുമായി കലരുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭഗീരഥ്പുരയിൽ ഒരു പോലീസ് ഔട്ട്‌പോസ്റ്റിനടുത്തുള്ള പ്രധാന കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ ടോയ്ലറ്റ് നിർമ്മിച്ച സ്ഥലത്ത് ചോർച്ച കണ്ടെത്തിയതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments