മുംബൈ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെടുത്തതിന് പിന്നാലെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ ഭീഷണിയുമായി ബിജെപിയും ഹിന്ദുമഹാസഭയും. ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണെന്നാണ് ബിജെപി നേതാവ് സംഗീത് സോമിൻ്റെ അധിക്ഷേപം. ഷാരൂഖ് ഖാന്റെ നാവ് അരിഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഹിന്ദുമഹാസഭയും പ്രഖ്യാപിച്ചു. അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ അഗ്ര ജില്ലാ പ്രസിഡന്റായ മീര താക്കൂര്‍ ആണ് ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് പാതിതോഷികം പ്രഖ്യാപിച്ചത്. മഥുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മീര താക്കൂറിൻ്റെ ഭീഷണി. ” ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊല്ലുകയാണ്. എന്നാൽ ക്രിക്കറ്റ് താരങ്ങളെ വാങ്ങുകയാണ് ഷാരൂഖ് ഖാന്‍. അത് അനുവദിക്കരുതെന്നുമാണ് മീര താക്കൂറിൻ്റെ വർഗീയ പരാമർശം. ഷാരൂഖ് ഖാന്റെ പോസ്റ്ററുകൾക്കുമേൽ കരിഓയിൽ പൂശുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രസ്താവന നടത്തിയത്.
അതേസമയം ബംഗ്ലാദേശ് താരത്തെ ഐപിഎല്‍ ടീമില്‍ എടുത്തതില്‍ അയോധ്യയിലെ സന്യാസികളും രംഗത്തുവന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അവിടെയുള്ള ഹിന്ദുക്കളുടെ സുരക്ഷയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തണം എന്ന് ധിരേന്ദ്ര ശാസ്ത്രി പറഞ്ഞു. ഷാരൂഖ് ഖാന് വ്യക്തിത്വമില്ലെന്നായിരുന്നു സ്വാമി രാംഭദ്രാചാര്യയുടെ വിമർശനം. ‘ഷാരൂഖ് ഖാന്റെ പ്രശസ്തി രാജ്യത്തെ ജനങ്ങൾ കാരണമാണ്. അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് അഖിലേന്ത്യ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. നടൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് ദിനേശ് ഫലാരി മഹാരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.


