ന്യൂയോർക്ക്: ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്റാൻ മംദാനി. ഉമർ ഖാലിദിനെഴുതിയ കുറിപ്പ് മംദാനി ഉമറിന്റെ മാതാപിതാക്കൾക്ക് കൈമാറി. 2025 ഡിസംബറിൽ ഉമറിന്റെ മാതാപിതാക്കൾ അമേരിക്ക സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഈ കുറിപ്പ് നൽകിയത്. പ്രിയപ്പെട്ട ഉമർ, താങ്കളുടെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും താങ്കളെ ഓർക്കുന്നു,’ എന്നാണ് മംദാനി കത്തിൽ കുറിച്ചത്. വ്യാഴാഴ്ച സോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉമർ ഖാലിദിന്റെ സുഹൃത്ത് ബനോജ്യോത്സ്‌ന ലാഹിരിയാണ് എക്സിലൂടെ കത്ത് പുറത്തുവിട്ടത്.
ഖാലിദിന്റെ ഇളയ സഹോദരിയുടെ വിവാഹത്തിന് യുഎസിൽ കഴിയുന്ന മറ്റൊരു സഹോദരിക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ മാതാപിതാക്കളായ സാഹിബ ഖാനമും സയ്യിദ് ഖാസിം റസൂൽ ഇല്യാസും യുഎസിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് യുഎസിൽവെച്ച് മംദാനിയെ കാണുകയും അവരോടൊപ്പം കുറെ സമയം ചെലവഴിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഉമര്‍ ഖാലിദിന് നീതിയുക്തവും സമയബന്ധിതവുമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍ അംബാസഡര്‍ക്ക് കത്ത് നല്‍കി. സെനറ്റര്‍മാരും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടെ എട്ട് പേരാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയത്. ജിം മാക്കേവന്‍ ഉള്‍പ്പെടുന്ന സംഘം ഉമര്‍ ഖാലിദിന്റെ മാതാപിതാക്കളെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചിരുന്നു. യുഎസ് സെനറ്റര്‍മാരുടെ കത്ത മനുഷ്യാവകാശ കമ്മീഷന്റെ തലവന്‍ ഡെമോക്രാറ്റ് ജിം മക്ഗവേര്‍ണിന് കൈമാറി.
2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസംബറിൽ അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജാമ്യകാലയളവ് പൂർത്തിയാക്കി അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങി.


