കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുക. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തിൽ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം. പ്രത്യേക സന്വേഷണ സംഘം രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.


