ന്യൂഡല്‍ഹി: ഉന്നാവ് കേസ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. സെന്‍ഗാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി. കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ പൂര്‍വ്വകാലം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ബലാത്സംഗക്കേസിൽ വിചാരണക്കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവും കോടതി തളളി.
വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി അതിജീവിതയും കുടുംബവും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിക്ക് മുന്നിലും ഇന്ത്യാ ഗേറ്റിന് മുന്നിലും അതിജീവിതയും കുടുംബവും പ്രതിഷേധിച്ചു. കുല്‍ദീപ് സിങ് സെന്‍ഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നുമാണ് അതിജീവിത ആരോപിച്ചത്. കുല്‍ദീപിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാര്‍ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും അവര്‍ ആരോപിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിന്റെ മക്കൾക്കെതിരെയും അതിജീവിത രംഗത്തെത്തിയിരുന്നു. കുൽദീപ് സിങിൻ്റെ പെൺമക്കൾ സോഷ്യൽ മീഡിയയിലൂടെ തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തിയെന്നാണ് അതിജീവിത ആരോപിച്ചത്.
കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സിബിഐ നല്‍കിയ അപ്പീലിന് പിന്നാലെ ജാമ്യം റദ്ദാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു നടപടി. കുല്‍ദീപ് സിങ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും ഉന്നാവിലെ സാഹചര്യം ഗുരുതരമാണ് എന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് സെന്‍ഗാറിന് കോടതി നോട്ടീസ് നല്‍കിയിരുന്നു.


