വാഷിങ്ടൺ: റഷ്യൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തു. വെനസ്വേലയിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്തത്. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് അറ്റ്‌ലാന്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് ‘മാരിനേര’ എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്.
‘ബെല്ല 1’ എന്ന പേരിലറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് ‘മാരിനേര’ എന്ന പേരിലേക്ക് മാറ്റിയത്. തുടർന്ന് കപ്പൽ റഷ്യയിൽ രജിസ്റ്റർചെയ്യുകയുമുണ്ടായി. അമേരിക്ക പിന്തുടർന്ന ‘മാരിനേര’ കപ്പലിന് റഷ്യ സംരക്ഷണം നൽകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിന് സംരക്ഷണം നൽകാനായി റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും വിന്യസിച്ചിരുന്നു.
അമേരിക്കയുടെ ഓപ്പറേഷൻ നടക്കുമ്പോൾ കപ്പലിന് സമീപത്തായി റഷ്യയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇത് ‘മാരിനേര’യുമായി എത്ര അടുത്തായിരുന്നുവെന്ന് വ്യക്തമല്ല. മേഖലയിൽ റഷ്യൻ സേനയും അമേരിക്കൻ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നതായി സൂചനകളില്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്തു.
വെനസ്വേലയിൽനിന്ന് എണ്ണ കയറ്റാൻ ശ്രമിച്ച ടാങ്കറിനെ തടയാൻ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. വെനസ്വേലയക്ക് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിൽ കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ അത് തടയുന്ന സ്ഥിതിയുണ്ടായി. തുടർന്ന് വീണ്ടും യുഎസ് ഇടപെടലുണ്ടാകാതിരിക്കാൻ കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി എണ്ണ കടത്തുന്ന റഷ്യയുടെ ‘ഷാഡോ ഫ്‌ലീറ്റിന്റെ’ ഭാഗമാണ് ഈ കപ്പലെന്നാണ് യുഎസ് ആരോപിക്കുന്നത്.


