ധാക്ക : ബംഗ്ലാദേശിലെ കാളിഗഞ്ചിൽ വിധവയായ യുവതിയെ മരത്തിൽ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്തതിന് പിന്നാലെ ഇവരുടെ മുടി മുറിക്കുകയും ചെയ്തു. ഷാഹിൻ, ഇയാളുടെ സഹോദരൻ ഹസൻ എന്നിവരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രണ്ടര വർഷം മുമ്പ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ യുവതി രണ്ട് ദശലക്ഷം ടാക്കയ്ക്ക് മൂന്ന് സെന്റ് സ്ഥലവും രണ്ടുനില വീടും വാങ്ങിയിരുന്നു. പ്രതികളിൽ നിന്നാണ് സ്ഥലം വാങ്ങിയത്. എന്നാൽ, പിന്നീട് ഷാഹിൻ യുവതിയോട് മോശമായി പെരുമാറാൻ തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു.
ശനിയാഴ്ച വൈകുന്നേരം സ്ത്രീയുടെ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബന്ധുക്കൾ അവരെ സന്ദർശിക്കാൻ കാളിഗഞ്ചിലെ വീട്ടിലെത്തിയിരുന്നു. ഈ സമയം ഷാഹിനും ഹസനും വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ പക്കൽനിന്ന് ഏകദേശം 37,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും സ്ത്രീയുടെ ബന്ധുക്കളെ ആക്രമിച്ച് ഓടിച്ചുവിട്ടു. സ്ത്രീ നിലവിളിക്കാൻ തുടങ്ങിയതോടെ യുവതിയെ മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചുമാറ്റുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട സ്ത്രീയെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തി ജെനൈദ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡനത്തിന് ഇരയായതാണെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് എത്തിയ കാളിഗഞ്ച് പോലീസ് സ്ത്രീയുടെ മൊഴിയെടുത്തു. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു. സംഭവം അന്വേഷിക്കുകയാണെന്നും പോലീസ് സാധ്യവും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജെനൈദ അഡീഷണൽ പോലീസ് സൂപ്രണ്ട് ബില്ലാൽ ഹൊസൈൻ പറഞ്ഞു.
അതിനിടെ, ബംഗ്ലാദേശിലെ ജഷോർ ജില്ലയിൽ ഒരു പത്രത്തിന്റെ ആക്ടിങ് എഡിറ്റർ കൂടിയായ 45 വയസുള്ള ഒരു ഫാക്ടറി ഉടമയെ ഒരുകൂട്ടം ആളുകൾ വെടിവച്ചു കൊലപ്പെടുത്തി. റാണ പ്രതാപ് ബൈരാഗിയാണ് കൊല്ലപ്പെട്ടത്. ആഴ്ചകൾക്കുള്ളിൽ ബംഗ്ലാദേശിൽ നടക്കുന്ന അഞ്ചാമത്തെ ഹിന്ദു കൊലപാതകമാണിതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അജ്ഞാതരായ ഒരു സംഘം റാണ പ്രതാപിനെ വെടിവെച്ചത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ പ്രതാപുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് തലയിൽ നിരവധി തവണ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു.


