കണ്ണൂർ: മോഷ്ടിച്ച സൈക്കിളുമായെത്തിയ കള്ളന് തേങ്ങ കട്ടു. പിന്നെ വണ്ടി വിളിക്കാന്‍ അടുത്ത വീട്ടില്‍നിന്നും ഫോണ്‍ കട്ടു. അപ്പോഴേക്കുമെത്തിയ മഴ നനയാതിരിക്കാന്‍ മറ്റൊരു വീട്ടില്‍നിന്നും കുടയും കട്ടു. അവസാനം അവശേഷിച്ചത് കള്ളന് ഉപേക്ഷിച്ചുപോയ ഹീറോയുടെ പുതിയ സ്പോര്‍ട്സ് സൈക്കിള്‍. അത് തൊണ്ടിയായി പോലീസും കൊണ്ടുപോയി. കഴിഞ്ഞ ദിവസം കൊറ്റി വാടിപ്പുറത്ത് അരങ്ങേറിയ സംഭവമാണിത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് പയ്യന്നൂര്‍ കൊറ്റി വാടിപ്പുറത്തെ എം. ചന്ദ്രന്റെ വീട്ടില്‍നിന്നും മോഷ്ടാവ് രണ്ട് മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞത്. മോഷ്ടാവ് കൊണ്ടുവന്ന ഒരു സൈക്കിള്‍ വീടിനടുത്ത റോഡില്‍ ഉപേക്ഷിച്ച നിലയില്‍ രാവിലെ കണ്ടെത്തി. സമീപത്തെ പി അമ്പുവിന്റെ വീട്ടു വരാന്തയില്‍ വെച്ചിരുന്ന കുട എടുക്കുന്നതിന്റെ ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ മോഷണം നടന്നതിന്റെ ഒരു ദിവസം മുന്‍പാണ് ഇതിനടുത്ത സിസി രാമകൃഷ്ണന്റെ വീട്ടുപരിസരത്ത് കൂട്ടിയിട്ട നൂറ്റിയറുപതോളം തേങ്ങകള്‍ മോഷണം പോയത്. ഇവിടെവെച്ച് തന്നെ തേങ്ങ പൊതിച്ചെടുത്ത് മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ ദിവസം ബേഡകം പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നും ഇരുനൂറ് തേങ്ങ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി മോഷ്ടാവിനെ റിമാൻഡ് ചെയ്യുകയുമുണ്ടായി. അതേസമയം നൂറ്റിയറുപതോളം തേങ്ങകളും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ പോലീസ് ഉദാസീനത കാണിക്കുന്നതായി ആക്ഷേപമുണ്ട്. മൊബൈലുകള്‍ മോഷണം പോയ സംഭവത്തില്‍ ചന്ദ്രന് പരാതി നല്‍കിയതിനെ തുടര്‍ന്നെത്തിയ പോലീസ് സൈക്കിള്‍ കൊണ്ടുപോയെങ്കിലും കേസെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.
