കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെകൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കി. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍.രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. അക്കാലത്ത് ജോലിക്കുപോയ സ്ഥലത്തുവച്ച് മോശമായി പെരുമാറിയ ആളെ തോട്ടിലേക്ക് ചവിട്ടിയിട്ടുവെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചുവെന്ന് അറിഞ്ഞുവെന്നുമാണ് വേങ്ങര പോലീസിനിനോടു ഇയാള്‍ പറഞ്ഞത്.
വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയില്‍ എടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ മൃതദേഹം കണ്ടയാളില്നിന്നു മൊഴിയെടുത്തിട്ടുണ്ട്.
അതിനിടയിലാണ് വിശദമായ മൊഴിയില്‍ മറ്റൊരാളെകൂടി മുഹമ്മദലി കൊലപ്പെടുത്തിയതായുള്ള വിവരം പുറത്തുവരുന്നത്. കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം 1989ല്‍ കോഴിക്കോട്ടുവന്ന് ഹോട്ടലില്‍ ജോലി ചെയ്തുവരവെ ഒരാള്‍ കോഴിക്കോട് കടപ്പുറത്തുവച്ച് കൈയിലുള്ള പണം തട്ടിപ്പറിച്ചുവെന്നു മുഹമ്മദലിയുടെ മൊഴിയില്‍ പറയുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അയാള്‍ കടപ്പുറത്തുണ്ടെന്ന് സുഹൃത്തായ ബാബു പറഞ്ഞു. ബാബുവുമൊത്ത് കടപ്പുറത്തുപോയപ്പോള് പണം തട്ടിപ്പറിച്ചയാളെ കണ്ടെത്തി. പണം തട്ടിപ്പറിച്ച കാര്യം ചോദിച്ചപ്പോള്‍ അയാള്‍ തട്ടിക്കയറി. വാക്കേറ്റമായി. ബാബു അയാളെ തല്ലി താഴെയിട്ട് മുഖം മണലില്‍ താഴ്ത്തിപിടിച്ചു. താന്‍ കാലില്‍ പിടിച്ചുവെന്നും മരിച്ചെന്ന് ഉറപ്പാക്കിയശേഷം അയാളുടെ കൈയില്‍നിന്ന് പണം എടുത്ത് തങ്ങള്‍ രണ്ടുപേരും വീതിച്ച് എടുത്തുവെന്നുമാണ് മൊഴി.
തുടര്‍ന്ന് രണ്ടുപേരും രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നെ കണ്ടിട്ടില്ല. മരിച്ചത് ആരാണെന്ന് അറിയില്ലെന്നും മൊഴിയില്‍ മഹുമ്മദലി വ്യക്തമാക്കി. നടക്കാവ് പോലീസ് കൊലപാതകക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൗണ്‍ അസി. കമ്മീഷണര്‍ ടി.കെ. അഷ്റഫാണ് അന്വേഷണം നടത്തുന്നത്. മുഹമ്മദലിയുടെ വെളിപ്പെടുത്തലോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. അജ്ഞാത മൃതദേഹങ്ങളായാണ് രണ്ടു സംഭവങ്ങളും പോലീസ് അവസാനിപ്പിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട ആളുകളെ കണ്ടെത്തുകയാണ് പോലീസിനു മുന്നിലുള്ള വെല്ലുവിളി.
മുഹമ്മദലി മതം മാറിയാണ് ആ പേരു സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന് പൗലോസ് പറഞ്ഞു. ആന്റണി എന്നാണ് യഥാര്‍ഥ പേര്. ആന്റണി മലപ്പുറത്തുനിന്ന് മുസ്്ലിം യുവതിയെ രണ്ടാം വിവാഹം കഴിച്ച ശേഷമാണ് മുഹമ്മദലി എന്ന പേരു സ്വീകരിച്ചു മതം മാറിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൗലോസ് പറഞ്ഞു.
കൂടരഞ്ഞിയില്‍ ഒരാള്‍ തോട്ടില്‍വീണു മരിച്ചതായി അക്കാലത്ത് ആളുകള്‍ പറഞ്ഞുകേട്ടിരുന്നു. അസുഖമാണെന്നാണ് കേട്ടത്. ഈ മരണങ്ങളുടെ ഉത്തരവാദിത്തം മുഹമ്മദലി ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പൗലോസ് പറഞ്ഞു.
മുഹമ്മദലിക്ക്
മാനസികപ്രശ്നങ്ങളെന്ന് സഹോദരൻ
കൂടരഞ്ഞിയില്‍ മരിച്ചയാള്‍
ഇരിട്ടി സ്വദേശിയോ ?
കൂടരഞ്ഞി: 39 വര്‍ഷം മനസില്‍ എരിതീയായി സൂക്ഷിച്ച കൊലപാതക കഥ പ്രതി സ്റ്റേഷനില്‍ എത്തി വെളിപ്പെടുത്തിയതോടെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലചെയ്യപ്പെട്ട വ്യക്തിയെകുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതി മലപ്പുറം വേങ്ങര പള്ളിക്കല്‍ ബസാര്‍ തൈപറമ്പില്‍ മുഹമ്മദലി(56) സ്റ്റേഷനില്‍ എത്തി പറഞ്ഞ സംഭവം നടന്ന വാതല്ലൂര്‍ ദേവസ്യയുടെ പറമ്പിലെ തോട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് എത്തി പരിശോധന നടത്തി.
ഈ തോട്ടിലേക്ക് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടി ഇട്ടുവെന്നും രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇയാള്‍ മരിച്ചുവെന്ന് മനസിലായതെന്നുമാണ് മഹമ്മദലി പറഞ്ഞത്. മൃതദേഹം പുഴുവരിച്ചനിലയില്‍ നേരില്‍ കണ്ട മണപ്രാണേല് ജോസിന്റെ വീട്ടിലും പോലീസ് എത്തി മൊഴിയെടുത്തു.
മരണപ്പെട്ട ആള് ദേവസ്യ എന്നയാളുടെ വീട്ടില്‍ ജോലി ചെയ്തത് നാലോ അഞ്ചോ ദിവസമാണ്. അതുകൊണ്ടുതന്നെ ഇയാളെ കുറിച്ച് കൂടുതല്‍ വിവരമൊന്നും നാട്ടുകാര്‍ക്കും അറിയില്ല. സംഭവം നടന്ന സ്ഥലമാകട്ടെ അപ്പാടെ മാറി.
തോടിനോടു ചേർന്നാണ് മലയോര ഹൈവേ കടന്നുപോകുന്നത്. സംഭവം നടക്കുമ്പോള്‍ സ്ഥലം കാടുപിടിച്ചുകിടക്കുകയായിരുന്നു. പഴയ ഫയലുകള്‍ പരിശോധിച്ചും അന്നത്തെ പത്രവാര്‍ത്തകള്‍ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ പിറകോട്ടു പോയി അന്വേഷിക്കുകയാണ് പോലീസ്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തില്‍പ്പെടുകയും ചെയ്തപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് താന്‍ ചെയ്ത കൊലപാതക കഥ പോലീസിനോട് പറഞ്ഞത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പോലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.
മൃതദേഹം കണ്ടയാള്‍ പറഞ്ഞത്
വാതല്ലൂര്‍ ദേവസിയുടെ സ്ഥലത്തിനോട് അതിര്‍ത്തി പങ്കിടുന്ന മണപ്രാണേല് ജോസ് തന്റെ പറമ്പിലെ പശുവിനെ മാറ്റി കെട്ടാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.പ ുഴുവരിച്ച് ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മരിച്ചിട്ട് മൂന്നുനാല് ദിവസമെങ്കിലും കഴിഞ്ഞിരിക്കും. ദേവസിയുടെ വീട്ടില്‍ പണിക്ക് എത്തിയിട്ട് അധികനാളാകാത്തതുകൊണ്ട് ആരാണെന്നു വിവരമുണ്ടായിരുന്നില്ല.