ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിലെ പ്രാഥമിക റിപ്പോർട്ട് ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തുവിട്ടു. പതിനഞ്ച് പേജുള്ള പ്രാഥമിക റിപ്പോർട്ട് ആണ് പുറത്തുവന്നത്. എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ രണ്ട് എൻജിനുകളും ഓഫായതായും എഞ്ചിൻ 1, എഞ്ചിൻ 2 ഇന്ധന സ്വിച്ചുകൾ സെക്കൻഡിനുള്ളിൽ “റൺ’-ൽ നിന്ന് “കട്ട്ഓഫ്’-ലേക്ക് മാറിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ആയുസ് വെറും 98 സെക്കൻഡ് മാത്രമായിരുന്നു. പറന്നുയർന്നതു മുതൽ വിമാനത്താവള അതിർത്തി മതിലിനു പുറത്തു തകർന്നുവീണ നിമിഷം വരെയുള്ള സമയമാണിത്.
അപകടം സംഭവിച്ചതിന്റെ സുപ്രധാന സാങ്കേതികവിവരങ്ങളും കോക്ക്പിറ്റ് സംഭാഷണങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. “എന്തുകൊണ്ടാണ് നിങ്ങൾ ഇന്ധനം വിച്ഛേദിച്ചത്?’ – എന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റിക്കോർഡറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “ഞാൻ അങ്ങനെ ചെയ്തിട്ടില്ല’ എന്ന സഹ പൈലറ്റിന്റെ മറുപടിയും കേൾക്കാം. വിമാനം പറന്നുയർന്നു നിമിഷങ്ങൾക്കുള്ളിൽ രണ്ട് എൻജിനുകളും ഷട്ട്ഡൗൺ ചെയ്തതിനു ശേഷമാണു പൈലറ്റുമാർ തമ്മിലുള്ള നിർണായക സംഭാഷണം നടന്നത്.
വിമാനത്തിന്റെ രണ്ട് എൻജിനുകളും തുടക്കത്തിൽ ഉണ്ടായ ത്രസ്റ്റ് നഷ്ടത്തിനു ശേഷം താത്കാലിക വീണ്ടെടുക്കൽ ഉണ്ടായെന്നും എന്നാൽ സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഉടൻ വിമാനം തകർന്നുവീണെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
- വിമാനം പറന്നുയർന്നതിനുശേഷം സെക്കൻഡിനുള്ളിൽ രണ്ട് ഇന്ധന സ്വിച്ചുകളും “റൺ’-ൽ നിന്ന് “കട്ട്ഓഫ്’-ലേക്കു മാറ്റി. എൻജിനുകൾ ഓഫായി. ഒരേസമയം ഷട്ട്ഡൗൺ ചെയ്തത് ഇന്ധന വിതരണം തടസപ്പെടാൻ കാരാണമായി. രണ്ട് എൻജിനുകൾക്കും ത്രസ്റ്റ് നഷ്ടപ്പെട്ടു.
- ഇന്ധന സ്വിച്ചുകൾ എന്തുകൊണ്ട് “കട്ട്ഓഫ്’ ചെയ്തുവെന്ന പൈലറ്റിലൊരാളുടെ ചോദ്യത്തിനു താൻ “കട്ട്ഓഫ്’ ചെയ്തിട്ടില്ല എന്നായിരുന്നു മറുപടി. ഇതു കോക്പിറ്റിലെ സാങ്കേതിക തകരാർ അല്ലെങ്കിൽ, തെറ്റായ ആശയവിനിമയം ആകാം.
- അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിമാനം ഇടിച്ചുകയറി.
- വിമാനം 180 നോട്ട് വേഗതയിലെത്തി. രണ്ട് എൻജിഞ്ചിനുകളും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെട്ടു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വേഗതയും ഉയരവും പെട്ടെന്ന് കുറഞ്ഞു.
- പറക്കൽ പാതയ്ക്ക് സമീപം പക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
- മൂലകാരണം ഇപ്പോഴും അന്വേഷണത്തിലാണ്. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.