കണ്ണൂർ: പ്രകൃതിയോടു മനുഷ്യൻ കാണിച്ച ക്രൂരത പ്രകൃതി തിരിച്ചു കാണിച്ചിരുന്നെങ്കിൽ മനുഷ്യൻ ഇന്നു ഭൂമുഖത്തുണ്ടാകില്ലായിരുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കേരളത്തിലുടനീളം ഒരുലക്ഷം മരങ്ങൾ നട്ടുപരിപാലിക്കുകയെന്ന ലക്ഷ്യവുമായുള്ള സ്റ്റോറീസിന്റെ “ട്രീബ്യൂട്ട്’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെക്കുറിച്ചുള്ള പ്രശ്നങ്ങൾ പറയാൻ ആളുണ്ടെങ്കിലും പരിഹാരം കാണാൻ ആരുമില്ലെന്നും ആ പശ്ചാത്തലത്തിൽ ട്രീബ്യൂട്ട് വലിയ പരിഹാരമാണു മുന്നോട്ടുവയ്ക്കുന്നതെന്നും സോഷ്യൽമീഡിയ ലോഞ്ച് നിർവഹിച്ച് നടനും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞു.
ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വെബ്സൈറ്റ് പ്രകാശനം കെ.വി. സുമേഷ് എംഎൽഎ നിർവഹിച്ചു. സ്റ്റോറീസ് സിഇഒ സഹീർ. കെ.പി പദ്ധതി വിശദീകരിച്ചു. മേജർ മനേഷ്, ഷമീമ, ആർക്കിടെക്ട് സജോ ജോസഫ്, ഇമ്രാൻ, ഫിറോസ് ലാൽ, മഹേഷ്, ഫൈസൽ മുഴപ്പിലങ്ങാട്, ജോബി ജോസഫ്, ശബാബ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രകൃതിയെ സംരക്ഷിക്കാനും ആഗോളതാപനത്തെ പ്രതിരോധിക്കാനുമുള്ള സംയുക്ത ശ്രമമെന്ന നിലയിലാണ് ട്രീബ്യൂട്ട് സംഘടിപ്പിക്കുന്നത്. ഓരോ മരത്തിനും മൂന്നു രക്ഷാധികാരികൾ ഉണ്ടായിരിക്കും. ഇതുവഴി സംസ്ഥാനത്തൊട്ടാകെ മൂന്നുലക്ഷം ഉത്തരവാദിത്തമുള്ള പൗരന്മാരുടെ ശൃംഖല രൂപപ്പെടുമെന്നുള്ളതും പ്രത്യേകതയാണ്. മൂന്നു വർഷം കാലാവധി കണക്കാക്കുന്ന പദ്ധതിയുടെ മൊത്തം ചെലവ് രണ്ടു കോടിയാണു കണക്കാക്കുന്നത്.
പ്രകൃതിസംരക്ഷണത്തിനുള്ള ദീർഘകാല സംരംഭത്തിനു തുടക്കമാകുകയാണെന്നും ഇതിനെ ജീവിത ലക്ഷ്യമായി ഏറ്റെടുക്കുകയാണെന്നും സ്റ്റോറീസ് ഫൗണ്ടർ സഹീർ സ്റ്റോറീസ് പറഞ്ഞു. മരം നടാൻ സ്ഥലമുള്ളവർക്കും രക്ഷാധികാരിയാകാൻ താത്പര്യമുള്ളവർക്കും www.treebute.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
