Wednesday, February 25, 2026
HomeNewsകുടുംബ തർക്കം ; യുഎസിൽ ഭാര്യയെ ഉൾപ്പെടെ നാല് ബന്ധുക്കളെ ഭർത്താവ് വെടിവച്ച് കൊന്നു

കുടുംബ തർക്കം ; യുഎസിൽ ഭാര്യയെ ഉൾപ്പെടെ നാല് ബന്ധുക്കളെ ഭർത്താവ് വെടിവച്ച് കൊന്നു

വാഷിങ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ നഗരത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കൊലപാതകം നടന്നത്. മൂന്ന് ബന്ധുക്കളെയുള്‍പ്പെടെയാണ് കൊലപ്പെടുത്തിയത്.

51 കാരനായ വിജയ് കുമാറാണ് ഭാര്യ മീനു ഡോഗ്ര (43), മൂന്നു ബന്ധുക്കളായ ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്ന് കോണ്‍സുലേറ്റ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

മരിച്ചവര്‍ക്ക് പുറമെ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴ്, പത്ത്, പന്ത്രണ്ട് വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളും വീടിനുള്ളിലുണ്ടായിരുന്നു. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ വീടിനുള്ളിലെ അലമാരയില്‍ ഒളിച്ചിരുന്നു. ഇതിനിടെ പന്ത്രണ്ട് വയസ്സുള്ള കുട്ടി അടിയന്തര നമ്പറായ 911 വിളിച്ച് വിവരം അറിയിച്ചു. ഇതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.കുട്ടികള്‍ സുരക്ഷിതരാണെന്നും അവരെ നിലവില്‍ മറ്റൊരു ബന്ധുവിന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വിജയ് കുമാറിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാല് കൊലപാതകങ്ങള്‍ക്കും പുറമെ ദുരുദ്ദേശ്യപരമായ കൊലപാതകം, മാരകമായ ആക്രമണം എന്നിവയ്‌ക്കൊപ്പം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്കും കേസെടുത്തു. തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments