ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഭഗീരഥ്പുര മേഖലയിലെ അവ്യാൻ സാഹു എന്ന ആറുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണത്തിന് പകരമായി സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായം കുടുംബം നിരസിച്ചു. പാക്കറ്റ് പാൽ തിളപ്പിക്കാൻ മുനിസിപ്പൽ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചതാണ് കുഞ്ഞിന്റെ ജീവനെടുത്തത്. കുടിവെള്ളത്തിൽ അഴുക്കുചാൽ മാലിന്യം കലർന്നതിനെത്തുടർന്ന് പ്രദേശത്ത് വയറിളക്കവും ഛർദ്ദിയും പടർന്നുപിടിക്കുകയായിരുന്നു.
കുഞ്ഞിന് അസുഖം ബാധിച്ച ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭഗീരഥ്പുരയിൽ കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 1400-ലധികം ആളുകൾക്കാണ് മലിനജലം കുടിച്ച് അസുഖം ബാധിച്ചത്. സംഭവത്തിൽ ഇതുവരെ 14 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിലെ നഗരസഭയുടെ ഗുരുതരമായ വീഴ്ചയാണ് പിഞ്ചുകുഞ്ഞിന്റെ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് കാരണമായതെന്ന പ്രതിഷേധം ശക്തമാണ്. അതേസമയം സംഭവത്തിൽ മുനിസിപ്പൽ കമ്മീഷണർക്കും അഡീഷണൽ കമ്മീഷണർക്കും മധ്യപ്രദേശ് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് പിന്നാലെ അഡീഷണൽ കമ്മീഷണറെ ചുമതലയിൽ നിന്നും സ്ഥലം മാറ്റുകയും ചെയ്തു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളിൽ ഇപ്പോഴും വലിയ രീതിയിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ഒൻപത് പേർ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ പ്രാഥമിക കണക്കെങ്കിലും, സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മോഹൻ യാദവ് നാല് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിലവിൽ 120 പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശത്തെ ആയിരത്തിനാനൂറിലധികം പേർക്ക് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിലുണ്ടായ ചോർച്ചയിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ഈ വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ശുചിമുറിയിലെ മാലിന്യങ്ങൾ ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടതായി പരിശോധനയിൽ കണ്ടെത്തി. വിതരണം ചെയ്ത ജലം മലിനമായിരുന്നുവെന്ന് ലാബ് പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. വിഷയത്തിൽ ഗൗരവകരമായ ഇടപെടൽ നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംഭവത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.


