ന്യൂ ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഉമർ ഖാലിദ്. ഈ തടവറയാണ് തന്റെ ജീവിതം എന്നും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം എന്നുമാണ് ഉമർ ഖാലിദ് പ്രതികരിച്ചത്. ഉമർ ഖാലിദിൻ്റെ സുഹൃത്ത് ബൻജ്യോസ്‌ന ലാഹിരിയാണ് ഉമർ ഖാലിദിന്റെ പ്രതികരണം എക്‌സിലൂടെ പങ്കുവെച്ചത്.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രീംകോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്. ഉമറിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം റദ്ദാക്കിയ കോടതി കേസിലെ മറ്റ് 5 പേർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഡല്‍ഹി ഹൈക്കോടതി വിധിന്യായം അംഗീകരിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിലൂടെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് വിശദ പരിശോധന നടത്തേണ്ടത് വിചാരണക്കോടതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.


