മനില: ഫിലിപ്പീന്‍സില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു ഒരാൾ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 38 പേർ കുടുങ്ങുകയും ചെയ്തു. പ്രദേശത്തെ ചെറിയ കെട്ടിടങ്ങൾക്ക് മുകളിലേക്കായിരുന്നു മാലിന്യക്കൂമ്പാരം ഇടിഞ്ഞ് വീണത്. സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. 13 പേരെ രാത്രിയിൽ തന്നെ രക്ഷപെടുത്തി. ലാൻഡ്ഫില്ലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ ഏറെയും.
110 ജീവനക്കാരാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായത്. മണ്ണ് മാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയിരുന്നത്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലോ പ്രദേശങ്ങളിലോ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് സെബു മേയർ നെസ്റ്റർ ആർക്കൈവലും സിവിൽ ഡിഫൻസ് ഓഫീസും പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ പ്രതികരണ സേനകളും പങ്കെടുക്കുന്നുണ്ടെന്നും ആർക്കൈവൽ പറഞ്ഞു.
രാജ്യത്തെ വിവധയിടങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യക്കൂമ്പാരങ്ങൾ പതിവ് കാഴ്ചയാണ്. നിരവധി തുറസായ പ്രദേശങ്ങളിൽ മാലിന്യ കൂമ്പാരങ്ങളുണ്ട്. ഇത് ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും രാജ്യത്തുണ്ടാക്കുന്നുണ്ട്.


