കണ്ണൂർ: കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ, കണ്ണൂരിലും സമാന സംഭവം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലാണ് ഗുരുപൂർണ്ണിമാഘോഷത്തിന്റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഇദ്ദേഹം ഗുരുപൂർണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്. സ്കൂൾ സെക്രട്ടറി സുരേഷ്, പ്രിൻസിപ്പാൾ ബിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാദസേവ നടത്തിയത്.
ആലപ്പുഴയിലും പാദപൂജ ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലാണ് പാദ പൂജ നടന്നത്. വിദ്യാർഥികൾ അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇതിനെതിരെ ഇടത് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കാലു പിടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാക്കാനല്ല, നിവർന്നു നിന്ന് സംസാരിക്കാനുള്ള കരുത്താണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് ബാലസംഘം പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ നടന്ന പാദപൂജ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് പ്രതികരിച്ച എസ്എഫ്ഐ, ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
കണ്ണൂരിലും അധ്യാപകരുടെ പാദപൂജ
Recent Comments
Hello world!
on