Saturday, April 11, 2026
HomeNewsസ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം : 39 മരണം

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം : 39 മരണം

മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 39 ആയി ഉയർന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏകദേശം 6.40 ഓടെയാണ് അപകടമുണ്ടായത്.

മലാഗയിൽ നിന്ന് തലസ്ഥാനമായ മാഡ്രിഡിലേക്ക് 300ഓളം യാത്രക്കാരുമായി പോയ അതിവേഗ ട്രെയിൻ പാളം തെറ്റി എതിർദിശയിൽ മാഡ്രിഡിൽ നിന്ന് തെക്കൻ സ്പാനിഷ് നഗരമായ ഹുവൽവയിലേക്ക് പോകുകയായിരുന്ന ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 200 ഓളം യാത്രക്കാരുമായി ഹുവൽവയിലേക്ക് പോയിരുന്ന ട്രെയിനിനാണ് അപകടത്തിൽ കൂടുതൽ ആഘാതമേറ്റതെന്ന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാർ പ്യൂന്റെ പറഞ്ഞു.

കൂട്ടിയിടിയുടെ ആഘാതത്തിൽ ആദ്യത്തെ രണ്ട് ബോ​ഗികൾ ട്രാക്കിൽ നിന്ന് 4 മീറ്ററോളം ദൂരെ ചരിവിലേക്ക് തെറിച്ചുവീണു. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവരിൽ ഏറെയും. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. 159 പേർക്ക് പരിക്കേറ്റതായും അതിൽ 29 പേരുടെ നില ഗുരുതരമാണെന്നും സ്പാനിഷ് പൊലീസ് അറിയിച്ചു. മാഡ്രിഡിൽ നിന്ന് ഏകദേശം 370 കിലോമീറ്റർ തെക്ക് കോർഡോബ പ്രവിശ്യയിലെ ആഡമുസ് പട്ടണത്തിന് സമീപമാണ് കൂട്ടിയിടി നടന്നത്. അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.

അപകടത്തിനു പിന്നാലെ ആഡമുസിൽ അടിയന്തര സേവനങ്ങൾ നൽകാനായി ഒരു സ്‌പോർട്‌സ് സെന്റർ താൽക്കാലിക ആശുപത്രിയാക്കി മാറ്റി. സ്പാനിഷ് റെഡ് ക്രോസ് പ്രദേശത്ത് സഹായ കേന്ദ്രം സ്ഥാപിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments