വിചാരണ കോടതി മാറ്റണമെന്ന് പ്രതിഭാഗത്തിന്റെ ഹർജി
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ശുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വിചാരണക്കിടയിൽ ജാമ്യം റദ് ചെയ്ത് വിചാരണ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ കേസിൽ രണ്ടാം സാക്ഷിയുടെ ക്രോസ് വിസ്താരം നടക്കാനിരിക്കെയാണ് അഡീഷനൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുഴുവൻ പ്രതികളേയും റിമാൻഡ് ചെയ്തത്.
സിപിഎം പ്രവർത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ് (32) എന്ന ആകാശ് തില്ലങ്കേരി, കരുവെള്ളി പഴയപുരയാൽ രജിൽ രാജ് (33), മുഴക്കുന്ന് മുടക്കോഴിയിലെ കരുവോത്ത് വീട്ടിൽ എ. ജിതിൻ (32), മുഴക്കുന്ന് കൃഷ്ണാ നിവാസിൽ സി.എസ്. ദീപ് ചന്ദ് (34), പാലയോട് തെരുവിലെ തയ്യുള്ളതിൽ പുതിയപുരയിൽ ടി.കെ.അസ്കർ (35), സാജ് നിവാസിൽ കെ.ബൈജു (45), തില്ലങ്കേരി ആലയാട് പുതിയപുരയിൽ പി.വി. അൻവർ സാദത്ത് (32), പാലയോട് മുട്ടിൽ കെ.അഖിൽ ( 32 ), തെരൂരിലെ സാജ് നിവാസിൽ കെ.സഞ്ജയ് (30), രജത് നിവാസിൽ കെ.രജത് (32), എളമ്പാറ കമ്മാനം വീട്ടിൽ കെ.വി. സംഗീത് (31), മട്ടന്നൂർ കോളജിനടുത്തുള്ള കിളയങ്ങാട്ട് ചേറ്റടി പുതിയപുരയിൽ പി.കെ. അഭിനാഷ് (30), എടന്നൂർ പാലോട് തെരൂർ കുട്ടിക്കുന്നിൽ നിലാവ് വീട്ടിൽ സി. നിജിൽ (31), എളമ്പാറ അഭിനന്ദത്തിൽ കെ.പി.പ്രശാന്ത് (57), പാലോട് തെരൂർ പാലത്താൻ കുന്നിൽ എ.പി.സനീഷ് (32), മുട്ടിൽ വീട്ടിൽ എ.കെ.സുബിൻ (32), മുഴക്കുന്നിലെ കേളോത്ത് വീട്ടിൽ വി. പ്രജിത്ത് (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഇതിനിടയിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഹർജി കോടതി 29 ന് പരിഗണിക്കും. നീതിപൂർവമായ വിചാരണക്ക് മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ പ്രതിഭാഗം ഹർജി നൽകിയത്. ഇതിനു പിന്നാലെയാണ് പ്രതികളെ റിമാൻഡ് ചെയ്ത അസാധാരണ നടപടി ഉണ്ടായത്. പ്രതിഭാഗം അഭിഭാഷകൻ പി.വി. ഹരി 23 നാണ് കോടതിമാറ്റത്തിന് ഹർജി നൽകിയത്. വിചാരണ നടപടിയിലെ പിഴവും ജഡ്ജിയുടെ പക്ഷപാതപരമായ സമീപനവും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
ക്രോസ്വിസ്താരത്തിനിടെയുള്ള ചോദ്യങ്ങളിൽ ജഡ്ജി അനാവശ്യമായി ഇടപെട്ട് സാക്ഷിയെ സഹായിച്ചതായി പ്രതിഭാഗം ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ന്യായമായ വിചാരണ ഈ കോടതിയിൽ നടക്കുമെന്ന വിശ്വാസം പ്രതികൾക്കും അഭിഭാഷകർക്കും നഷ്ടപ്പെട്ടതായും തലശേരിയിലെ മറ്റേതെങ്കിലും കോടതിയിലേക്ക് വിചാരണ മാറ്റുന്നതാണ് ഉചിതമെന്നും ഹർജിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിഭാഗം നൽകിയ രണ്ട് ഹർജികൾ കോടതി തള്ളുകയും പ്രതിഭാഗം അഭിഭാഷകനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഒന്നാം സാക്ഷി ഇ. റിയാസ് നിയമപരമായല്ല കോടതിയിൽ മൊഴി നൽകിയതെന്നും ഇക്കാരും രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഭാഗം അഭിഭാഷകൻ പി.വി. ഹരി ആദ്യം ഹർജി നൽകിയത്. നീണ്ട നേരത്തെ വാദത്തിനു ശേഷം ഈ ഹർജി കോടതി തള്ളുകയായിരുന്നു. തുടർന്ന് ഈ വിഷയത്തിൽ മേൽ കോടതിയെ സമീപിക്കുകയാണെന്നും രണ്ടാം സാക്ഷിയുടെ ക്രോസ് വിസ്താരം മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം വീണ്ടും ഹർജി നൽകി. ഈ ഹർജി കോടതി തളളുകയും വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാനാണ് പ്രതിഭാഗം ശ്രമമെന്ന് ചൂണ്ടിക്കാണിക്കുകയും താക്കീത് ചെയ്യുകയുമായിരുന്നു.
തുടർന്ന് നടന്ന വിചാരണയിൽ രണ്ടാം സാക്ഷി നൗഷാദിന്റെ ചീഫ് വിസ്താരം പൂർത്തിയാക്കുകയും
കൊലയാളി സംഘത്തെ സാക്ഷി കോടതിയിൽ തിരിച്ചറിയുകയും ചെയ്തിരുന്നു. ഒന്നു മുതൽ നാലുവരെ പ്രതികളേയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളുമാണ് രണ്ടാം സാക്ഷി തിരിച്ചറിഞ്ഞത്. കൊലപാതകം നടക്കുന്ന സമയത്ത് ശുഹൈബിനൊപ്പമുണ്ടായിരിക്കുകയും സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്ത സാക്ഷിയാണ് നൗഷാദും. 18 നാണ് അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതിയിൽ ശുഹൈബ് വധക്കേസ് വിചാരണ ആരംഭിച്ചത്. 2018 ഫെബ്രുവരി 18-ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ കെ.പത്മനാഭനും പ്രതിഭാഗത്തിനു വേണ്ടി പി.വി. ഹരി, എൻ.ആർ. ഷാനവാസുമാണ് ഹാജരാകുന്നത്.


