പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി പ്ലേ ഓഫിലെത്തി. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില്‍ പതറിയെങ്കിലും 70 റണ്‍സെടുത്ത ഇഷാന് കിഷന്റെയും 47 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റെയും കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ(6) മടക്കിയ മുകേഷ് ചൗധരി ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. അഭിഷേക് ശര്‍മയെയും ഇഷാന് കിഷനെയും തകര്‍ത്തടിക്കാന്‍ അനുവദിക്കാതിരുന്ന ചെന്നൈ ബൗളര്‍മാര്‍ പവര്‍ പ്ലേയില്‍ ഹൈദരാബാദിനെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സിലൊതുക്കി. പവര്‍ പ്ലേയില്‍ 14 പന്ത് നേരിട്ട അഭിഷേകിന് 18 റണ്‍സ് മാത്രമാണ് നേടാനായത്. ഇഷാന് കിഷനാകട്ടെ 16 പന്തില്‍ 20 റൺസ് മാത്രമാണ് നേടിയത്.


