Wednesday, February 25, 2026
HomeINDIAഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്ററിനെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്ററിനെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ: ക്രൈസ്‌തവർക്ക് നേരെയുള്ള സംഘ പരിവാർ ആക്രമണങ്ങൾ വർധിച്ചിരിക്കേ ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പാസ്റ്ററിനെയും മകനെയും അറസ്റ്റ് ചെയ്ത് പോലീസ്. പാസ്റ്ററായ ഡേവിഡ് ഗ്ലാഡിയോൺ, മകൻ അഭിഷേക് ഗ്ലാഡിയോൺ എന്നിവരെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുവനിതകളെ പണവും ഉപഹാരവും നൽകി മതം മാറ്റാൻ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.

ഞായറാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളിക്ക് മുമ്പിൽ ബജറംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പണം, ജോലി, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്ത് മതം മാറ്റുന്നു എന്നായിരുന്നു ബജറംഗ്ദൾ പ്രവർത്തകാരുടെ ആരോപണം. 150 ലേറെ ആളുകൾ പള്ളിക്ക് ഉള്ളിലുണ്ടെന്നും അവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും ഇവർ ആരോപിച്ചിരുന്നു. തുടർന്ന് സ്ഥലെത്തെത്തിയ പൊലീസ് പാസ്റ്ററേയും മകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പാസ്റ്റർക്കും മകനും തിരിച്ചറിയാത്ത ഏഴു പേർക്കുമെതിരെ ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് രാധാനഗർ പൊലീസ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ മൗര്യ പറഞ്ഞു. ദേവ് പ്രകാശ് പസ്വാൻ എന്ന വ്യക്തി നൽകിയ പരാതിയിലാണ് പാസ്റ്റർക്കും മകനുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പ്രധാനമന്ത്രിക്ക് കത്തയച്ചിന് പിന്നാലെയാണ് ബജറംഗ് ദൾ പ്രതിഷേധവും അറസ്റ്റും.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 834 ആക്രമണങ്ങളാണ് 2024ൽ മാത്രം റിപ്പോർട്ട് ചെയ്തത്. 2025 നവംബർ വരെ 706 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ ഉണ്ടായിട്ടുള്ളതെന്നും വ്യാജ മതപരിവർത്തന ആരോപണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും യുസിഎഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2025ലെ നവംബർ വരെയുള്ള കണക്ക് പരിഗണിച്ചാൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നിട്ടുള്ള രണ്ട് സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ഛത്തീസ്ഗഢുമാണെന്നും യുസിഎഫ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments