തിരുവനന്തപുരം: വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയതിന് പുറമെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനേയും അമേരിക്കൻ സൈനികർ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. അവർ കസ്റ്റഡിയിലാണെന്ന് അമേരിക്ക സ്വയം അവകാശപ്പെടുന്നു. ലോകത്തിന് ഭീഷണിയായ ഒന്നാമത്തെ രാജ്യം ട്രംപിന്റെ കീഴിലുള്ള അമേരിക്കൻ ഭരണ സംവിധാനമാണ്. അമേരിക്കൻ ആധിപത്യത്തിന് കീഴടങ്ങാതെ നിലകൊള്ളുന്ന രാജ്യമാണ് വെനസ്വേല. അമേരിക്ക അവർക്ക് എതിരാണെന്ന് കരുതുന്ന രാജ്യങ്ങളുമായി വെനസ്വേലയ്ക്ക് സാമ്പത്തിക, വ്യാപാര ബന്ധമുണ്ട്. ലോകത്തെ മറ്റ് പല പ്രശ്നങ്ങളിലും ഇടപെട്ടിട്ടും എടുത്തുപറയത്തക്ക നേട്ടമൊന്നും പറയാനില്ലാത്ത അമേരിക്ക, വെനസ്വേലയ്ക്ക് മേൽ കുതിരകയറുകയാണ്. സാമ്രാജ്യത്വത്തിന്റെ ആധിപത്യപരമായ സമീപനത്തിന് പുറമെ അമേരിക്കയ്ക്ക് വെനസ്വേലയിൽ എണ്ണ, സാമ്പത്തിക താത്പര്യങ്ങളുമുണ്ട്.
വെനസ്വേലയ്ക്കെതിരെയുള്ള കടന്നാക്രമണത്തിൽ ഇന്ത്യയുടെ നിലപാടെന്ത് എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയും അമേരിക്കയുടെ ആക്രമണത്തെ അപലപിക്കാൻ ഇതുവരെ ഇന്ത്യ തയാറായിട്ടില്ല. അത് ഇന്ത്യയെ സംബന്ധിച്ച് അപമാനകരമാണ്. ഇന്ത്യ നിശബ്ദത അവസാനിപ്പിച്ച് ശബ്ദിച്ചാൽ എന്താണ് സംസാരിക്കുക എന്നതിൽ ഉത്കണ്ഠയുണ്ട്. സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടാണ് സ്വാതന്ത്ര്യസമരകാലം മുതൽ ഇന്ത്യ സ്വീകരിക്കുന്നത്. എന്നാൽ കാലക്രമേണ അവ ഇല്ലാതാകുന്നു. സാമ്രാജ്യത്വ നിലപാടുയർത്തിപ്പിടിച്ച് വെനസ്വേലയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.


