ലഖ്നൌ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അനധികൃതമായി വാളുകൾ വിതരണം ചെയ്യുകയും സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത ഹിന്ദു രക്ഷാദൾ നേതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഹിന്ദു രക്ഷാദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി എന്ന പിങ്കി, മകൻ ഹർഷ് ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു.
സംഭവ ദിവസം പ്രതിയും കൂട്ടാളികളും പ്രദേശത്ത് പ്രകടനം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. തുടർന്ന് വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രദേശത്ത് വിതരണം ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ ഐക്യം തകർക്കാനോ ക്രമസമാധാനം തകർക്കാനോ ഒരു സംഘടനയെയും അനുവദിക്കില്ലെന്നും നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി പാട്ടീൽ പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾക്കെതിരായ ആക്രമണങ്ങളെ ചെറുക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുന്ന വീഡിയോ, ആളുകളോട് ആയുധം കൈയിലേന്താൻ പറയുന്ന തരത്തിൽ സാമൂഹിക സ്പർധ വർധിപ്പിക്കാനുള്ള നിരവധി വീഡിയോകൾ മുഖ്യപ്രതി ഭൂപേന്ദ്ര ചൗധരി സമൂഹമാധ്യമങ്ങൾ വഴി നേരത്തെയും പങ്കുവച്ചിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി 27 ഓളം ക്രിമിനൽ കേസുകളിൽ ഭൂപേന്ദ്ര ചൗധരിയും മൂന്ന് കേസുകളിലായി ഹർഷും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 27 നും സമാനമായ കുറ്റങ്ങൾ ചുമത്തി ഒരേ സംഘടനയിലെ 10 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


