ന്യൂഡൽഹി : ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങൾ സംഗീതത്തെയും ബാധിക്കുന്നതായി സംഗീത സംവിധായകൻ എ ആർ റഹ്മാൻ. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ നഷ്ടമാകുന്നുണ്ട്. സിനിമ എന്ന കല ആളുകൾ ഭിന്നിപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നു. അത്തരം സിനിമകളിലേക്ക് വിളിച്ചാൽ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട് എന്നും എ ആർ റഹ്മാൻ പറഞ്ഞു. ബിബിസി ഏഷ്യൻ നെറ്റ്വര്ക്കിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാന്റെ തുറന്നുപറച്ചിൽ.
‘കഴിഞ്ഞ എട്ട് വർഷമായി അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്. അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്’.
പുതിയ പ്രൊജക്ടായ ‘രാമായണ’യിൽ ഹോളിവുഡ് സംഗീത സംവിധായകന് ഹാൻസ് സിമ്മറിനൊപ്പം പ്രവർത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുന്ന സമയത്ത് മുസ്ലിമായ ഒരാൾ ‘രാമായണ’ എന്ന സിനിമയ്ക്ക് സംഗീതം നൽകുന്നതിൽ എതിർപ്പ് ഉയരില്ലേ എന്ന ചോദ്യത്തിനായിരുന്നു റഹ്മാന്റെ പ്രതികരണം. ‘ജൂതനായ ഹാൻസ് സിമ്മറും മുസ്ലിമായ ഞാനും ചേർന്ന് ഹിന്ദു പുരാണകഥയായ ‘രാമായണ’യ്ക്ക് സംഗീതം നൽകുന്നു. എനിക്ക് രാമയണവും മഹാഭാരതവും അറിയാം. എല്ലാത്തിലെയും നല്ലതിനെ സ്വീകരിക്കാനാണ് പ്രവാചകൻ പറയുന്നത്. ആരുമായിക്കൊള്ളട്ടെ അതിലെ നല്ലതിനെ സ്വീകരിക്കാൻ പഠിക്കണം’.
‘ഛാവ’ എന്ന ഹിന്ദി ചിത്രം ആളുകൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള കഥയാണ്. ആദ്യം ആ സിനിമയുടെ കഥ കേട്ടപ്പോൾ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്തിനാണ് എന്നെ സമീപിച്ചത് എന്ന് സംവിധായകനോട് ചോദിച്ചപ്പോൾ ‘നിങ്ങൾ സംഗീതം നൽകിയാലെ സിനിമ നടക്കൂ’ എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിൽ ധീരതയും പരാക്രമവും ആണ് പറയുന്നത് എങ്കിലും അതിന്റെ ഉദ്ദേശം ആളുകളെ തമ്മിൽ അകറ്റുക എന്നതാണ്. പ്രേക്ഷകരെ വിഡ്ഢികളാക്കാന്‍ കഴിയില്ല, തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിച്ചാലും അവർ സത്യമറിയും’. എ ആർ റഹ്മാൻ പറയുന്നു.
തന്റെ സിനിമാജീവിതത്തെക്കുറിച്ചും ദക്ഷിണേന്ത്യയിൽ നിന്ന് മുംബൈയിലെത്തിയതിനെക്കുറിച്ചും ഹിന്ദി സിനിമകളെക്കുറിച്ചും എ.ആർ റഹ്മാൻ സംസാരിച്ചു. അതിർത്തി കടന്ന് ബോളിവുഡിൽ നിലയുറപ്പിച്ചതിനെക്കുറിച്ചും വിദേശ സംഗീതജ്ഞരുമായി ജോലി ചെയ്തതിനെക്കുറിച്ചും അഭിമുഖത്തിൽ തുറന്നു സംസാരിക്കുന്നുണ്ട്.


