കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽമീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് കുടുംബം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തലാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. ബസില്‍ നിന്ന് യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദീപക്കിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.


