തിരുവനന്തപുരം : ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിൽ. തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്.
എല്ലാ മത വിഭാഗത്തിൽപെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്. സർക്കാരിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മലപ്പുറത്തെ വൈസ് പ്രസിഡന്‍റ് ആരെന്ന് നോക്കണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് വോട്ടുകൾക്കുവേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നത് മുസ്ലീം ലീഗിന്റെ ലക്ഷ്യമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.
നേരത്തെ സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്‍റെ ലെവൽ തെറ്റിയിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം ആരോപിച്ചു. സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നും കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയാണ് വിമർശനങ്ങൾക്കാണ് വഴിവച്ചത്. എൻഎസ്എസ് – എസ്എൻഡിപി സഹകരണം സിപിഐഎമ്മിൻ്റെ സോഷ്യൽ എൻജിനീയറങ്ങിൻ്റെ ഭാഗമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.


