മലപ്പുറം: കാസർകോടും മലപ്പുറവുമായി ബന്ധപ്പെട്ട മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദമായിരിക്കേ പ്രതികരണവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സ്മിജി. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാന്റെ പ്രസ്താവനയെന്ന് എ പി സ്മിജി ചോദിച്ചു.
സിപിഎമ്മിനെ ബാധിച്ചിട്ടുള്ളത് മുറിവൈദ്യം കൊണ്ട് ചികിത്സിച്ച് മാറ്റാനാവുന്ന രോഗമല്ല. ലീഗിനെതിരെയുള്ള സജി ചെറിയാന്റെ വിമർശനം മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോകുമെന്നും അതിനെ ആരും ഗൗനിക്കില്ലെന്നും എ പി സ്മിജി ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. മുസ്‌ലിം ലീഗിന്റെ മതേതരത്വം തലമുറകളിലൂടെ അനുഭവിച്ച ജീവിത യാഥാർഥ്യമാണെന്നും വൈകാതെ മതേതര കേരളം താങ്കൾക്കുള്ള മറുപടി നൽകുമെന്നും സജി ചെറിയാനോടു എ പി സ്മിജി പറഞ്ഞു.


