പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആദ്യം നടക്കും. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി ജയിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെയാണ്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും.
സഭയ്ക്കുള്ളില്‍ കൗതുകമാകുക പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞയായിരിക്കും. സിപിഎമ്മില്‍നിന്നു രാജിവച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച് പ്രോടെം സ്പീക്കറാകുന്ന ജി. സുധാകരനു മുന്നില്‍ പിണറായി സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. ഏറ്റവും സീനിയറായ എംഎല്‍എ എന്ന നിലയിലാണ് സുധാകരനെ പ്രോടേം സ്പീക്കറാക്കുന്നതെന്നാണു മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചത്.
ജി സുധാകരന് മുന്നില്‍ പിണറായി വിജയന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമോ എന്നതാണ് ചര്‍ച്ചയാകുന്നത്.ചട്ടപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, സ്ഥിരം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് മുന്നില്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ട്.


