Monday, June 1, 2026
HomeNewsDisctrict Newsനേവൽ ബേസ് മതിലിൽ കൊച്ചിയുടെ നാവിക ചരിത്രം തയ്യാറാകുന്നു

നേവൽ ബേസ് മതിലിൽ കൊച്ചിയുടെ നാവിക ചരിത്രം തയ്യാറാകുന്നു

നടപ്പാതയും കളറാകും; എസ്റ്റിമേറ്റ് ഒരുങ്ങുന്നു

വില്ലിംഗ്ടൺ ഐലൻഡിലെ വാതുരുത്തി റെയിൽവേ ഗേറ്റ് മുതൽ വെണ്ടുരുത്തി പാലം വരെയുള്ള നേവൽ ബേസ് മതിൽ കൊച്ചിയുടെ നാവിക ചരിത്രം പറയുന്ന തുറന്ന മ്യൂസിയമായി മാറും.
പ്രാചീനകാലത്തെ കടൽ മാർഗ്ഗങ്ങൾ മുതൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ വരെയുള്ള രാജ്യത്തിൻ്റെ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന 250 ചുമർ ചിത്രങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. പത്ത് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ 17 ചുവർചിത്രങ്ങളുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
​പദ്ധതിയുട പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

1.3 കിലോമീറ്റർ നീളമുള്ള മതിലിനോട് ചേർന്നുള്ള നടപ്പാത മോടി പിടിപ്പിക്കുന്നതിനായി ജൂൺ ഒന്നിന് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നടപ്പാതയിൽ ആവശ്യമായ ഇരിപ്പിടങ്ങൾ, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവ നിർമ്മിക്കുന്നതിനായുള്ള വിശദമായ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്, റീജിയണൽ സ്പോർട്സ് സെന്റർ, ഇന്ത്യൻ നാവിക സേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നേവൽ ബേസിന്റെ ഉഡാൻ ഗേറ്റ് മുതൽ വേമ്പനാട് ഗേറ്റ് വരെയുള്ള മതിലിൽ പ്രാദേശിക കലാകാരന്മാരാണ് ചുവർ ചിത്രങ്ങൾ വരയ്ക്കുന്നത്. ക്ലൗഡ് ഫണ്ടിങ്ങിലൂടെ നടപ്പാക്കുന്ന പദ്ധതി ഇന്ത്യയിൽ തന്നെ ഏറ്റവും നീളമേറിയ ചുവർചിത്രമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിട്ടയേർഡ് വൈസ് അഡ്മിറൽ പ്രേം സുതൻ ചെയർമാനായുള്ള സമിതിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് പ്രസിഡൻ്റ് എസ്. ഗോപകുമാർ, എക്സിക്യൂട്ടീവ് മെമ്പർ ടി ബി വേണുഗോപാൽ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments