തിരുവനന്തപുരം: വിജ്ഞാനകേരളം ജനകീയ തൊഴിൽ-നൈപുണി കാമ്പയിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം (SDP) സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വെർച്വൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി അടുത്ത സംസ്ഥാനതല വെർച്വൽ തൊഴിൽ മേള 2026 ജൂൺ 6-ന് നടക്കും. തുടർന്ന് സംസ്ഥാനത്തെ എസ്ഡിപികെ കേന്ദ്രങ്ങളിൽ ആഴ്ചതോറുമുള്ള തൊഴിൽ മേളകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
തൊഴിൽ അന്വേഷകർക്കായി വിവിധ മേഖലകളിലെ ഒഴിവുകളുടെ പട്ടിക ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ ലഭ്യമാണ്. ഈ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർഥികൾ ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്ത് ബന്ധപ്പെട്ട ജോബ് ഐഡി ഉപയോഗിച്ച് അപേക്ഷിക്കുകയോ ചെയ്താൽ മതിയാകും.
സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ കൂടുതൽ സുലഭമാക്കുകയും, നൈപുണ്യ വികസനവും തൊഴിൽ ലഭ്യതയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്റെ ഭാഗമായി വെർച്വൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.


