കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയിൽ സിപിഎമ്മിന്റെ ഔദ്യോഗിക പാനലിനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിബലായി മത്സരിക്കുന്നു. നഗരസഭയുടെ 36 ാം വാർഡായ കാരയിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് റിബലായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ തീരുമാന പ്രകാരം കോണ്‍ഗ്രസ് എസ് നേതാവ് പി. ജയനെ ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരുപത്തെട്ടോളം പേര് സിപിഎം നേതൃത്വത്തിന് രാജിക്കത്ത് കൊടുത്തതായുള്ള വിവരമാണ് പുറത്ത് വരുന്നത്. ഔദ്യോഗിക പാനലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വൈശാഖിനെ നാട്ടുകാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ രാത്രി അറുപതോളംപേര്‍ കാര പ്രദേശത്ത് പ്രകടനവും നടത്തി. വൈശാഖിന്റെ വിജയത്തിനായുള്ള സാമൂഹികമാധ്യമ പ്രചരണവും ആരംഭിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ കാരയില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ പുറമേ നിന്നെത്തിയ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം മുമ്പുണ്ടായിരുന്നു. ഈ പ്രശ്നത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കാര പ്രദേശത്തെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ സുപ്രധാന പ്രവര്‍ത്തനങ്ങളില്‍പോലും പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. കാരയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന മറുപടി നേതൃത്വത്തിന് നല്കി പ്രശ്നങ്ങള്‍ നിസാരവല്‍ക്കരിക്കുകയായിരുന്നു സിപിഎം നേതൃത്വമെന്നും സിപിഎമ്മിലെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. അക്രമത്തിനെത്തിയവരെ സംരക്ഷിക്കുന്ന നിലപാട് നേതൃത്വം സ്വീകരിച്ചതോടെ കാര പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇതിനിടയിലെത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ രോഷം പ്രകടമായി പുറത്തു വന്നതെന്നാണ് ലഭിക്കുന്ന സൂചന.
പയ്യന്നൂര്‍ നഗരസഭയിൽ എൽഡിഎഫിന്റെ ഔദ്യോഗിക പാനലിനെതിരെ റിബലായി ബ്രാഞ്ച് സെക്രട്ടറി മത്സരരംഗത്ത്
Recent Comments
on Hello world!


